മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമാപ്രേമികളുടെയും ഇഷ്ട നായികമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. മലയാളത്തിന് പുറമേ തമിഴിലും കന്നഡയിലും തൻറ്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള പ്രയാഗ വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ നായികമാരിൽ ഒരാൾ കൂടിയാണ്. 2009ൽ മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ പ്രയാഗ മിഷ്കിൻ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. പിന്നീട് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായികയായി അരങ്ങേറി. തുടർന്ന് ബ്രദേഴ്സ് ഡേ, പാവ, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഒരു പഴയ ബോംബ് കഥ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെയും പ്രയാഗ തൻറ്റെ അഭിനയമികവ് തെളിയിച്ചിരുന്നു.
ജീവിതത്തെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള യുവ നടിമാരിൽ ഒരാളാണ് പ്രയാഗ. പല അഭിമുഖങ്ങളിലും താരം ഇത് വ്യക്തമാക്കാറുമുണ്ട്. ഇപ്പോഴിതാ തൻറ്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചുമെല്ലാം വ്യക്തമാക്കിയിരിക്കുകയാണ് താരം. നിലവിൽ ഒരു ലൈഫ് പാർട്ണറെക്കുറിച്ചോ റിലേഷൻഷിപ്പിനെ കുറിച്ചോ താൻ ചിന്തിക്കുന്നില്ലെന്നും കരിയർ മാത്രമാണ് തൻറ്റെ ശ്രദ്ധാകേന്ദ്രമെന്നും ഇപ്പോൾ തൻറ്റെ പ്രണയം സിനിമയോട് ആണെന്നും പ്രയാഗ വ്യക്തമാക്കി. ഡേറ്റിംങ് എന്ന ആശയത്തോട് തനിക്ക് താൽപര്യമില്ലെന്നും അത് സ്വാഭാവികമായി നടക്കുന്നെങ്കിൽ സംഭവിക്കട്ടെ എന്നുമാണ് പ്രയാഗയുടെ അഭിപ്രായം.
യുവനായിക നിരയിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന ഒരു നടിയാണ് പ്രയാഗ മാർട്ടിൻ. ഒമ്പത് സംവിധായകർ ചേർന്ന് ഒരുക്കിയ തമിഴ് ആന്തോളജി ചിത്രം നവരസയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പ്രയാഗയുടെ സിനിമ.