CINEMA NEWS

‘ആദിപുരുഷന്’ പ്രഭാസിൻറ്റെ പ്രതിഫലം 120 കോടി; ചിത്രത്തിനായി പ്രതിഫലം ഉയർത്തി താരം

പ്രഖ്യാപനസമയം മുതൽ പ്രഭാസ് ആരാധകർ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായാണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ഓം റൌട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുക എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഏകദേശം 500 കോടിയാണ് ചിത്രത്തിൻറ്റെ ബഡ്ജറ്റ്. ചിത്രത്തിനായി പ്രഭാസ് വാങ്ങുന്ന പ്രതിഫലം ഏകദേശം 100 കോടിയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിനായി പ്രഭാസ് പ്രതിഫലം ഉയർത്തി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിനുവേണ്ടി 120 കോടി രൂപ പ്രഭാസ് പ്രതിഫലമായി ആവശ്യപ്പെട്ടു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേതുടർന്ന് ചിത്രത്തിൻറ്റെ ബഡ്ജറ്റ് 25 ശതമാനം ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. പ്രഭാസിൻറ്റെ കരിയറിലെ ഏറ്റവും വലിയ തുകയാണ് ആദിപുരുഷിനായി താരം ആവശ്യപ്പെട്ടിരിക്കുന്നത്.
രാമായണത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് വേഷമിടുന്നത്. പ്രഭാസിന് പുറമേ സെയ്ഫ് അലി ഖാൻ, കൃതി സനോൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണനായാണ് സെയ്ഫ് അലി ഖാൻ ചിത്രത്തിൽ എത്തുന്നത്. സീതയായാണ് കൃതി സനോൻ വേഷമിടുന്നത്.
അതേസമയം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറ്റെ ചിത്രത്തിലാണ് പ്രഭാസ് ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സലാർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇരട്ട വേഷത്തിലാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നത്. ഹൊംബാളെ ഫിലിംസിൻറ്റെ ബാനറിൽ വിജയ് കിരംഗന്ദുറാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രുതി ഹാസൻ നായികയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വർഷമായിരിക്കും ചിത്രത്തിൻറ്റെ റിലീസ്.