CINEMA NEWS

സംവിധാന രംഗത്തേക്ക് ചുവടുവെച്ച് ‘ഹെലൻ’ എഴുത്തുകാരിൽ ഒരാളായ ആൽഫ്രഡ് കുര്യൻ ജോസഫ്

മലയാള സിനിമ സംവിധാന രംഗത്തേക്ക് ചുവടുവെച്ച് സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ഹെലൻറ്റെ എഴുത്തുകാരിൽ ഒരാളായ ആൽഫ്രഡ് കുര്യൻ ജോസഫ്. ഫിലിപ്പ്സ് എന്ന പേരിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. മുകേഷ്, ഇന്നസെൻറ്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് എറണാകുളം ആലുവായിൽ ആരംഭിച്ചു. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു.

അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിൻറ്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹെലന് ശേഷം ഹെലൻ ടീമും ലിറ്റിൽ ബിഗ് ഫിലിംസും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഫിലിപ്പ്സ്. നേരത്തെ ചിത്രത്തിന് വേണ്ടി നടത്തിയ കാസ്റ്റിംങ് കോൾ സോഷ്യൽ മീഡിയയിൽ ഏറേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മുകേഷിൻറ്റെ മക്കളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കാസ്റ്റിംങ് കോളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ജയ്സൺ ജേക്കബ് ജോൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറ്റെ എഡിറ്റിംങ് നിഥിൻ രാജ് അരോൾ, മേക്കപ്പ് മനു മോഹൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് നവീൻ മുരളി, പരസ്യകല യെല്ലോ ടൂത്ത്, പിആർഒ എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു. അനു എലിസബത്ത് ജോസിൻറ്റെ വരികൾക്ക് ഈണം പകരുന്നത് ഹിഷാം അബ്ദുൾ ഖാദർ ആണ്.