CINEMA NEWS

ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘പത്താം വളവ്’

മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്താം വളവ്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ചിത്രത്തിൻറ്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി, പൃഥിരാജ്, വിജയ് സേതുപതി തുടങ്ങീ നിരവധി താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

യുജിഎമ്മിൻറ്റെ ബാനറിൽ ഡോ സക്കറിയ തോമസ്, ഗിജൊ കാവനൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം രതീഷ് റാം, എഡിറ്റിംങ് ഷമീർ മുഹമ്മദ്, സംഗീത സംവിധാനം രഞ്ജിൻ രാജ്, കലാസംവിധാനം രാജീവ് കോവിലകം, പ്രൊജക്ട് ഡിസൈനിങ് നോബിൾ ജേക്കബ്, ചമയം ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം അയേഷ ഷഫീർ, സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ യെല്ലോ ടൂത്ത്സ് എന്നിവരും നിർവ്വഹിക്കുന്നു. ഉല്ലാസ് കൃഷ്ണയാണ് ചിത്രത്തിൻറ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ.
കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നും കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വ്യക്തമാക്കി.

ജോജു ജോർജിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രത്തിൻറ്റെ തമിഴ് റീമേക്കും ഒരുക്കുന്നത് പദ്മകുമാർ തന്നെയാണ്. വിചിത്തിരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആർ കെ സുരേഷാണ്. ബി സ്റ്റുഡിയോസിൻറ്റെ ബാനറിൽ സംവിധായകൻ ബാലയാണ് വിചിത്തിരൻ നിർമ്മിക്കുന്നത്