മലയാള സിനിമയിലെ പ്രതിഭയുള്ള നായികമാരിൽ ഒരാളാണ് പാർവ്വതി തിരുവോത്ത്. മലയാളത്തിനും തമിഴിനും പുറമേ ഹിന്ദിയിലും തൻറ്റെ അഭിനയമികവ് തെളിയിച്ച ചുരുക്കം ചില നായികമാരിൽ ഒരാൾ കൂടിയാണ് പാർവ്വതി. 2017ൽ പുറത്തിറങ്ങിയ ഖരീബ് ഖരീബ് സിംഗിളാണ് പാർവ്വതിയുടെ ആദ്യ ബോളിവുഡ് സിനിമ. ഇർഫാൻ ഖാനാപ്പമായിരുന്നു പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റം. യാത്രക്കിടയിൽ കണ്ടുമുട്ടുന്ന രണ്ട് അപരിചിതരുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് തനൂജ ചന്ദ്രയാണ്. ജയ ശശിധരൻ എന്ന കഥാപാത്രത്തെയാണ് പാർവ്വതി സിനിമയിൽ അവതരിപ്പിച്ചത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ആദ്യ സിനിമ ബോളിവുഡിൽ വളരെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടും പാർവ്വതിയെ പിന്നീട് ഒരു ബോളിവുഡ് ചിത്രത്തിലും കണ്ടില്ല. എന്തുക്കൊണ്ടാണ് അവസരം ലഭിച്ചിട്ടും ബോളിവുഡ് സിനിമകളിൽ അഭിനയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പാർവ്വതി ഇപ്പോൾ.
“കുറച്ചു പ്രോജക്ടുകൾ വന്നിരുന്നു. അവയെല്ലാം ഒന്നുകിൽ മറ്റ് ഭാഷകളിൽ ഞാൻ തന്നെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും. അല്ലെങ്കിൽ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്.” എനിക്കും പ്രേക്ഷകർക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നതെന്ന് പാർവ്വതി വ്യക്തമാക്കി.
ആർക്കറിയാം എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത പാർവ്വതിയുടെ മലയാള ചലച്ചിത്രം. മമ്മൂട്ടി നായകനായി എത്തുന്ന പുഴുവാണ് ഇനി റിലീസ് കാത്തിരിക്കുന്ന പാർവ്വതിയുടെ സിനിമ. നവാഗതനായ റത്തീന ഷർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിക്കൊപ്പം പാർവ്വതി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പുഴു.