തെലുങ്ക് യുവതാരം സന്ദീപ് കിഷനും തമിഴ് സൂപ്പർ താരം വിജയ് സേതുപതിയും ഒരുമിച്ച് എത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് മൈക്കിൾ. ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ജയക്കോടിയാണ്. ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം നിർമ്മാതാവ് സുനിൽ നാരംഗിൻറ്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് സന്ദീപ് കിഷൻ അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ.എൽ.പിയുടെയും കരൺ സി പ്രൊഡക്ഷൻസിൻറ്റെയും ബാനറിൽ ഭരത് ചൌധരിയും പുസ്കൂർ റാം മോഹൻ റാവുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മൈക്കിൾ. ആതിര ദിൽജിത്താണ് ചിത്രത്തിൻറ്റെ പിആർഒ. ചിത്രത്തിലെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും പിന്നീട് വെളിപ്പെടുത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അതേസമയം ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ 19(1)(a) എന്ന മലയാള ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള വിജയ് സേതുപതിയുടെ ചിത്രം. സോഷ്യൽ പൊളിറ്റിക്കൽ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് ഇപ്പോൾ. ജയറാം നായകനായി എത്തിയ മാർക്കോണി മത്തായി എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള സിനിമയാണ് ആർട്ടിക്കിൾ19(1)(a). നിത്യാ മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനീഷ് മാധവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആൻറ്റോ ജോസഫാണ്. വിജയ് സേതുപതിയും തപ്സി പന്നുവും ആദ്യമായി ഒരുമിച്ച് എത്തുന്ന അനബെൽ എന്ന ചിത്രമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മറ്റൊരു ചിത്രം. സെപ്റ്റംബർ 17നാണ് ചിത്രത്തിൻറ്റെ റിലീസ്.