പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ സുരേഷ് ഗോപി. വിജയ ചിത്രമായ പൊറിഞ്ചു മറിയം ജോസിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിലാണ് സുരേഷ് ഗോപി വീണ്ടും പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാപ്പനിലെ കേന്ദ്ര കഥാപാത്രമായ മാത്യൂസ് പാപ്പൻ എന്ന പോലീസ് ഓഫീസറായാണ് സുരേഷ് ഗോപി എത്തുന്നത്. പോലീസ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രം സിനിമയുടെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണ് പാപ്പൻ. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘വാഴുന്നോർ’ ആണ് ഇതിന് മുൻപ് സുരേഷ് ഗോപി നായകനായി എത്തിയ ജോഷി ചിത്രം. സുരേഷ് ഗോപിയ്ക്ക് പുറമേ മകൻ ഗോഗുൽ സുരേഷും ചിത്രത്തിലെ മറ്റ് ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പാപ്പൻറ്റെ ഭാര്യയായി നൈല ഉഷയും, മകളും ഐപിഎസ് ഓഫീസറുമായി പൂമരം മൂവി ഫെയിം നിത പിള്ളയും വേഷമിടുന്നു. കൂടാതെ സണ്ണി വെയ്ൻ, കനിഹ, വിജയരാഘവൻ, ആശ ശരത്ത്, ടിനി ടോം, ചന്ദുനാഥ്, ഷമ്മി തിലകൻ തുടങ്ങിയ വമ്പൻ താരനിരയും സിനിമയിൽ അണിനിരക്കുന്നുണ്ട്.
ആഘോഷ് സിനിമാസും ചാന്ദ് വി മൂവിസും ചേർന്ന് പുറത്തിറക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ഷാൻ ആണ്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. എഡിറ്റർ ശ്യാം ശശിധരൻ, സൌണ്ട് ഡിസൈൻ വിഷ്നു ഗോവിന്ദ് , ആർട്ട് നിമേഷ് എം താനൂർ, സംഗീതം ജേക്സ് ബിജോയി.