സൂപ്പർഹിറ്റ് ചിത്രം പറവയ്ക്കു ശേഷം സൌബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ദുൽഖറിൻറ്റെ പിറന്നാൾ ദിനത്തിൽ തന്നയാണ് പുതിയ ചിത്രത്തെ സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഓതിരം കടകം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. വേഫെറർ ഫിലിംസിൻറ്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“ഓതിരം കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് എൻറ്റെ മച്ചാൻ സൌബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ഞാൻ ഈ ചിത്രത്തിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുകയാണ്” എന്നാണ് ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. ഈ വർഷം തന്നെ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബാഗ്ലൂർ ഡേയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് നിർമ്മിച്ച ചിത്രം ആയിരുന്നു പറവ. ചിത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും സൌബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു പറവ. അമൽ ഷാ, ഗോവിന്ദ് പെ, ദുൽഖർ സൽമാൻ, ഷെയിൻ നിഗം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിരവധി ചിത്രങ്ങളാണ് ദുൽഖറിൻറ്റെ ഇനി റിലീസാവുനുള്ളത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് എല്ലാവരും കാത്തിരിക്കുന്ന ഒരു ചിത്രം. തിയേറ്ററുകൾ സജീവമായാൻ ചിത്രം ഉടൻ തന്നെ റിലീസിനെത്തും. പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നായകൻ ദുൽഖർ തന്നെയാണ്. ഹേ സിനാമിക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളും അദിതി റാവുമാണ് നായികമാർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് അടുത്ത ചിത്രം. ചിത്രത്തിൽ സബ് ഇൻസ്പെക്ടർ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഇതിനു പുറമേ നിരവധി ചിത്രങ്ങൾ ദുൽഖറിൻറ്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.