ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു തെക്കൻ തല്ലു കേസ് റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 8 ന് തിരുവോണ ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ബിജു മേനോനൊപ്പം നിമിഷ സജയനും പത്മപ്രിയയും റോഷൻ മാത്യവും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം നടി പത്മപ്രിയ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
ശ്രീജിത്ത് എൻ തന്നെ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പൃഥിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിൻറ്റെ സഹ തിരക്കഥാകൃത്ത് കൂടിയാണ് ശ്രീജിത്ത് എൻ. മലയാളത്തിലെ പ്രശസ്തമായ ചലച്ചിത്ര പോസ്റ്റർ ഡിസൈൻ സ്ഥാപനമായ ഓൾഡ് മോങ്ക്സിൻറ്റെ സാരഥി കൂടിയാണ് ശ്രീജിത്ത്.
പത്രപ്രവർത്തകനും എഴുത്തുകാരനും ആയിരുന്ന ജി ആർ ഇന്ദുഗോപൻറ്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കുന്നത്. ഇ ഫോർ എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി, ന്യൂ സൂര്യ ഫിലിംസിൻറ്റെ ബാനറിൽ സുനിൽ എം കെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അമ്മിണിപിള്ള എന്ന കഥാപാത്രത്തെ ആണ് ബിജു മേനോൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാര്യ രുക്മിണി ആയിട്ടാണ് പത്മപ്രിയ ചിത്രത്തിൽ വേഷമിടുന്നത്. രാജേഷ് പിന്നാടൻ ആണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. മധു നീലകണ്ഠൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസ് ആണ് സംഗീതം ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷൻ ചിറ്റൂർ, ലൈൻ പ്രൊഡ്യൂസർ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്.