GENERAL NEWS

മമ്മൂട്ടി ചിത്രം വൺ ഹിന്ദിയിലേക്ക് നായകനായി അനിൽ കപൂർ

ദി പ്രീസ്റ്റിനു ശേഷം മമ്മൂട്ടി നായകനായി എത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരുന്നു വൺ. സന്തോഷ് വിശ്വനാഥ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മാർച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പിന്നീട് ഏപ്രിൽ 27 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയും ചെയ്തു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കടയ്ക്കൽ രാമചന്ദ്രൻ എന്ന മുഖ്യമന്ത്രിയെ ആണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ട് പോകുന്നത്.
ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിന് ഒരുങ്ങുകയാണെന്നാണ് വാർത്തകൾ വരുന്നത്. ബോണി കപൂർ ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഹിന്ദിക്കു പുറമേ തമിഴ്, തെലുങ്ക് തുടങ്ങി മറ്റ് ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശമാണ് നേടിയിരിക്കുന്നത്. ബോണി കപൂറിൻറ്റെ സഹോദരൻ അനിൽ കപൂറായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ൽ ആയിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും ഇതുവരെയും വന്നിട്ടില്ല.
ബോബി & സഞ്ജയ് ആയിരുന്നു ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്. ഇച്ചായിസ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ശ്രീലക്ഷ്മി ആർ ആയിരുന്നു ചിത്രം നിർമ്മിച്ചത്. മമ്മൂട്ടിക്കു പുറമേ ജോജു ജോർജ്, രഞ്ജിത്ത് ശങ്കർ, സലീം കുമാർ, സിദ്ദിഖ്, മുരളി ഗോപി, ബാലചന്ദ്രമേനോൻ, മാമുക്കോയ, സുരേഷ് കൃഷ്ണ, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, ഗായത്രി അരുൺ, നിമിഷ സജയൻ, ഇഷാനി കൃഷ്ണ, മാത്യു തോമസ്, ശ്യാമപ്രസാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്.