എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു നിഴൽ. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരുന്നു ഇത്. കുഞ്ചാക്കോ ബോബനും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. ഒരു നീണ്ട ഇടവേളയ്ക്കുശേഷം നയൻതാര മലയാളത്തിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു നിഴൽ. ഏപ്രിൽ ഒമ്പതിനു തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തുടർന്ന് ആമസോൺ പ്രൈമിലും ചിത്രം റിലീസ് ചെയ്തു. എസ് സഞ്ജീവാണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയത്.
സിനിമ എഴുതിയ സമയത്ത് ഒന്നും കുഞ്ചാക്കോ ബോബനോ നയൻതാരയോ തൻറ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നും ഫെല്ലിനി ടി പിയാണ് കഥ ചാക്കോച്ചനോടു പറയാം എന്ന് പറഞ്ഞത് എന്നും സംവിധായകൻ അപ്പു എൻ ഭട്ടതിരി പറഞ്ഞു. പിന്നീട് ചാക്കോച്ചനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് വളരെ ഇഷ്ടമായി. ഇതിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രമുണ്ട്, അത് ആരു ചെയ്യും എന്ന് ഞങ്ങൾ ആലോചിക്കുമ്പോൾ ചാക്കോച്ചനാണ് നയൻതാരയെ സജസ്റ്റ് ചെയ്തത്. അങ്ങനെയാണ് നയൻതാര ഈ ചിത്രത്തിൻറ്റെ ഭാഗമാകുന്നത്. അപ്പു എൻ ഭട്ടതിരി ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറ്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. ഷർമിള എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിച്ചത്. ചിത്രത്തിൽ ഒരു എട്ടുവയസ്സുകാരൻ പറയുന്ന കഥകളിലൂടെയാണ് സിനിമ മുൻപോട്ടുനീങ്ങുന്നത്. ആൻറ്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെലിനി റ്റി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോണി ഡേവിഡ്, ലാൽ, ഇസിൻ ഹാഷ്, സൈജു കുറിപ്പ്, ദിവ്യ പ്രഭ, അനീഷ് ഗോപാൽ, സിയാദ്, സാദിഖ്, ആദ്യ പ്രസാദ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.