നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം തുറമുഖത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ക്രിസ്മസ്സിനോട് അനുബന്ധിച്ച് ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് തുറമുഖം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അൻപതുകളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിന് എതിരേ തൊഴിലാളികൾ നടത്തിയ മുന്നേറ്റം പ്രമേയമാക്കി എത്തുന്ന ചിത്രം കൊച്ചി, മട്ടൻചേരി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന തൊഴിലാളികളുടെ കഥ കൂടിയാണ് ഈ സിനിമ. ഗോപൻ ചിദബരം ആണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിൻറ്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. അദ്ധേഹത്തിൻറ്റെ മൂന്നാമത്തെ നിർമ്മാണ സംരഭമാണ് ഈ ചിത്രം.
കെ കൃഷ്ണകുമാർ ആണ് സംഗീതം നൽകുന്നത്. അസിസ്റ്റൻറ്റ് ഡയറക്ടർ അദ്വൈത് നായർ. പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്. എഡിറ്റർ ബി അജിത്ത് കുമാർ, വാർത്താപ്രചരണം എ എസ് ദിനേശ് തുടങ്ങിയവരും നിർവ്വഹിക്കുന്നു.
കൊവിഡിന് ശേഷമുള്ള നിവിൻ പോളിയുടെ തിയേറ്റർ റിലീസ് ചിത്രമാണ് തുറമുഖം. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനാണ് ഏറ്റവും ഒടുവിലായി തിയേറ്ററിൽ റിലീസ് ചെയ്ത നിവിൻ പോളി ചിത്രം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹമാണ് ഒടിടിയിൽ റിലീസ് ചെയ്ത നിവിൻ പോളിയുടെ അവസാന ചിത്രം.