സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് റാം. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത പേരൻപ് ആയിരുന്നു റാമിൻറ്റെ അവസാന ചിത്രം. ആകെ നാലു ചിത്രങ്ങളാണ് റാം സംവിധാനം ചെയ്തിട്ടുള്ളത്. ഇപ്പോഴിതാ റാം സംവിധായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരം നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.
ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. നിവിൻ പോളിക്കു പുറമേ അഞ്ജലിയും സൂരിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തവും ശക്തവുമായ ഒകു കഥാപാത്രമാണ് നിവിൻ പോളിയുടേത് എന്നാണ് സൂചന. ചിമ്പു കേന്ദ്ര കഥാപാത്രമായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം മാനാട് നിർമ്മിക്കുന്ന സുരേഷ് കാമാച്ചിയുടെ വി ഹൌസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ ഒരു മികച്ച ടീം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
യുവൻ ശങ്കർ രാജ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ അഭിനയിക്കുന്നതിൻറ്റെ സന്തോഷം നിവിൻ പോളിയും തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
തമിഴിലും നിരവധി ആരാധകരുള്ള താരമാണ് നിവിൻ പോളി. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം പ്രേമത്തിനും തമിഴിൽ നിരവധി ആരാധകരുണ്ട്. റാമിൻറ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തുന്നു എന്ന വാർത്തകൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കു നൽകുന്നത്. തുറമുഖം, കനകം കാമിനി കലഹം, പടവെട്ട്, താരം, മഹാവീര്യർ തുടങ്ങി നിരവധി മലയാള ചിത്രങ്ങളും നിവിൻ പോളിയുടെ ഇനി പുറത്തിറങ്ങാനുണ്ട്.