CINEMA NEWS

‘സാറ്റർഡേ നൈറ്റ്’; കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു

സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു. ‘സാറ്റർഡേ നൈറ്റ്’ എന്ന പേരിലാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. സൌഹൃദത്തിൻറ്റെ കഥ പറയുന്ന ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അജു വർഗ്ഗീസും, സിജു വിൽസണും, സൈജു കുറുപ്പും ഒരുമിക്കുന്നുണ്ട്.

നവീൻ ഭാസ്കറാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ദുബായ്, മൈസൂർ, ബാംഗ്ലൂർ എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ്. അജിത്ത് വിനായക ഫിലിംസിൻറ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. പ്രതാപ് പോത്തൻ, സാനിയ അയ്യപ്പൻ, ഗ്രേയ്സ് ആൻറ്റണി, ശാരി, മാളവിക ശ്രീനാഥ്, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ആർ ദിവാകരനാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം ജേയ്ക്സ് ബിജോയി, മേക്കപ്പ് സജി കൊരട്ടി, പ്രൊഡക്ഷൻ ഡിസൈനർ അനീഷ് നാടോടി, കോസ്റ്റ്യം സുജിത്ത് സുധാകരൻ, ആർട്ട് ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് എന്നിവരും നിർവ്വഹിക്കുന്നു. കെ.സി രവി, ദിനേഷ് മേനോൻ എന്നിവരാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർമാർ.

നിവിൻ പോളിയെ നായകനാക്കി 2018ലാണ് റോഷൻ ആൻഡ്രൂസ് കായുകുളം കൊച്ചുണ്ണി സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സണ്ണി വെയ്ൻ, പ്രിയ ആനന്ദ്, ബാബു ആൻറ്റണി, ജൂഡ് ആൻറ്റണി ജോസഫ്, ഇടവേള ബാബു, പ്രിയ തിമ്മേഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ മോഹൻലാലും ഗസ്റ്റ് റോളിൽ എത്തിയിരുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം മലയാളത്തിൽ 100 കോടി ക്ലബ്ബിൽ കയറിയ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു.