കനകം കാമിനി കലഹം എന്ന ചിത്രത്തിൻറ്റെ പ്രൊമോഷൻ തിരക്കുകളിലാണ് നിവിൻ പോളി ഇപ്പോൾ. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കനകം കാമിനി കലഹം. ചിത്രത്തിൻറ്റെ പ്രൊമോഷൻറ്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പന്ത്രണ്ട് വർഷമായി നിവിൻ പോളി സിനിമയിലേക്ക് കടന്നുവന്നിട്ട്. കരിയറിൽ ഇതുവരെ ഒരുപാട് ചിത്രങ്ങളോട് നോ പറഞ്ഞിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. നോ പറയേണ്ടിടത്ത് നോ പറയുകയും യെസ് പറയേണ്ടിടത്ത് യെസ് പറയുകയും ചെയ്തിട്ടുണ്ട്. അതു തന്നെയാണോ ഈ വിജയത്തിൻറ്റെ രഹസ്യം എന്ന അവതാരകൻറ്റെ ചോദ്യത്തിന് അതെ എന്നു തന്നെ നിവിൻ മറുപടി നൽകി.
നോ പറഞ്ഞതിൻറ്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിവിൻ പറഞ്ഞു. പക്ഷേ പിന്നീട് അതൊക്കെ എനിക്ക് നല്ലതായിട്ടേ വന്നിട്ടുള്ളൂ. എൻറ്റെ ഇൻഹിബിഷൻസ് അനുസരിച്ച് സിനിമകൾ ചെയ്യുന്ന ഒരാളാണു ഞാൻ. മനസ്സ് പറയുന്നതിന് ഒപ്പമാണ് പോകുന്നത്. ചിലപ്പോൾ അതു ശരിയാകും ചിലപ്പോൾ തെറ്റും. പക്ഷേ ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും.
നവംബർ 12 ന് ആണ് കനകം കാമിനി കലഹം റിലീസ് ചെയ്യുന്നത്. നിവിൻ പോളിയ്ക്ക് പുറമേ വിനയ് ഫോർട്ട്, ഗ്രേസ് ആൻറ്റണി, സുധീഷ്, ജോയ് മാത്യൂ, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പോളി ജുനിയർ പിക്ചേഴ്സിൻറ്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. പടവെട്ട്, തുറമുഖം, ബാസ്മി സ്പെഷ്യൽ, മഹാവീര്യർ തുടങ്ങി നിരവധി ചിത്രങ്ങളാണ് നിവിൻറ്റെ ഇനി പുറത്തിറങ്ങാനുള്ളത്.