വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അന്ന ബെൻ, റോഷൻ മാത്യൂ, ഇന്ദ്രജിത്ത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ നൈറ്റ് ഡ്രൈവിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ സംവിധായകൻ ജൂഡ് ആൻറ്റണി. ” നൈറ്റ് ഡ്രൈവ് ലക്ഷണമൊത്ത ത്രില്ലർ. അഭിലാഷ് പിള്ള എന്ന മികച്ച തിരക്കഥാകൃത്തും വൈശാഖ് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാനും ചേർന്നപ്പോൾ ഒരടിപൊളി സിനിമ. റോഷനും അന്നയും സിദ്ധിഖ് ഇക്കയും ഇന്ദ്രേട്ടനും എല്ലാവരും മികച്ചു നിന്നു. തിയേറ്ററിൽ നിന്നുതന്നെ തീർച്ഛയായും കാണേണ്ട ചിത്രം”. ചിത്രത്തെക്കുറിച്ച് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.
ഒരു കൊച്ചു ചിത്രമെന്ന നിലയിൽ വൈശാഖ് അവതരിപ്പിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്. പുലിമുരുകൻ പോലുള്ള തൻറ്റെ ചിത്രങ്ങളുമായി ചിത്രത്തെ താരതമ്യം ചെയ്യരുതെന്നും വൈശാഖ് നേരത്തെ പറഞ്ഞിരുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകയായാണ് അന്ന ബെൻ ചിത്രത്തിൽ എത്തുന്നത്. അന്നയുടെ സുഹൃത്തായാണ് റോഷൻ ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും ഒന്നിച്ചു നടത്തുന്ന ഒരു നെറ്റ് ഡ്രൈവിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഇന്ദ്രജിത്ത് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബെന്നി മൂപ്പൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ സംഗീത സംവിധാനം രഞ്ജിൻ രാജും, എഡിറ്റിംങ് സുരേഷ് എസ് പിള്ളയും നിർവ്വഹിക്കുന്നു.