CINEMA NEWS

‘എൻറ്റെ കാര്യം ഞാനാണ് തീരുമാനിക്കുന്നത്.’ അവതാരകൻറ്റെ ചോദ്യത്തിന് നസ്രിയയുടെ മറുപടി. കൈയ്യടിച്ച് ആരാധകർ.

നസ്രിയ ആദ്യമായി നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി.’ ഒരിടവേളയ്ക്കു ശേഷം നസ്രിയ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. റൊമാൻറ്റിക് കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ സ്റ്റാർ നാനിയാണ് നായകനായി എത്തുന്നത്.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ഹിന്ദു യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൻറ്റെ പ്രമേയം. സുന്ദർ എന്ന ബ്രാഹ്മണ യുവാവ് ആയാണ് നാനി ചിത്രത്തിൽ വേഷമിടുന്നത്. ജൂൺ 10 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

കുറച്ചു ദിവസങ്ങളായി ചിത്രത്തിൻറ്റെ പ്രൊമോഷൻ തിരക്കുകളിലാണ് നസ്രിയ. കഴിഞ്ഞ ദിവസം കൊച്ചിയിലും ചിത്രത്തിൻറ്റെ പ്രൊമോഷൻ പരിപാടികൾ നടന്നിരുന്നു. പരിപാടിക്കിടെ ഒരു ആരാധകൻ നസ്രിയയോട് ഫഹദിനെക്കുറിച്ച് ചോദിച്ചപ്പോൾ നസ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഫഹദുമായി ചർച്ച ചെയ്തതിനു ശേഷമാണോ തെലുങ്കിലേക്ക് പോകാൻ തീരുമാനിച്ചതെന്നും ഈ ചിത്രം തിരഞ്ഞെടുത്തതും എന്നുമായിരുന്നു ആരാധകൻറ്റെ ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് നസ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
‘ഇല്ല, ഒരാളുടെ കാര്യം തീരുമാനിക്കുന്നത് മറ്റേ ആളല്ല. ഒരുമിച്ച് ജീവിക്കുമ്പോൾ ഞങ്ങൾ ജോലിയെപ്പറ്റി ചർച്ച ചെയ്യാറുണ്ട്. രണ്ടു പേരും അഭിനേതാക്കൾ ആയതുകൊണ്ടുതന്നെ സിനിമയെപ്പറ്റി സംസാരിക്കാൻ ഞങ്ങൾക്ക് എളുപ്പമാണ്. ഞങ്ങൾ പരസ്പരം അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. എന്നാൽ ഒരു സിനിമ തിരഞ്ഞെടുക്കുന്നതിൻറ്റെ അന്തിമമായ തീരുമാനം എൻറ്റേതാണ്. ഫഹദിൻറ്റെ ഫഹദും.’

ഫഹദ് പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം വിക്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോൾ ഒരാഴ്ചയ്ക്കു ശേഷം നസ്രിയയുടെ തെലുങ്ക് ചിത്രം റിലീസ് ചെയ്യുകയാണ്. വീട്ടിൽ തന്നെ ഒരു കോമ്പറ്റീഷൻ ഉണ്ടോ എന്നതായിരുന്നു ആരാധകരുടെ മറ്റൊരു ചോദ്യം. ഇതിന് ‘ഒരു കോമ്പറ്റീഷൻ ഇരിക്കട്ടെ’ എന്നായിരുന്നു നസ്രിയയുടെ മറുപടി.