ഒടിടി റിലീസിന് ഒരുങ്ങി നയൻതാര നായികയായ പുതിയ ചിത്രം നെട്രികൺ. 2017ൽ പുറത്തിറങ്ങിയ അവൾ എന്ന ഹൊറർ ചിത്രത്തിന് ശേഷം മിലിന്ദ് റാവു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നെട്രികൺ. നെട്രികൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. റൌഡി പിക്ചേഴ്സിൻറ്റെ ബാനറിൽ വിഘ്നേഷ് ശിവനാണ് ചിത്രം നിർമ്മിക്കുന്നത്. നയൻതാരക്ക് പുറമേ ചിത്രത്തിൽ മണികണ്ഠൻ, അജ്മൽ അമീർ, ശരൺ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലിസി ആൻറ്റണി, ഇന്ദുജ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്. നഗരത്തിൽ കുറേ സ്ത്രീകൾ കൊല്ലപ്പെടുകയും കൊലയാളി എന്ന് സംശയിക്കുന്ന ആൾ നായൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തെ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിൻറ്റെ പ്രധാന പ്രമേയം. കൊറിയൻ ത്രില്ലർ ബ്ലൈൻഡിൻറ്റെ റീമേക്കാണ് നെട്രിക്കൺ എന്നാണ് വിവരം. നയൻതാരയുടെ കരിയറിലെ 65-ാമത്തെ ചിത്രമാണ് നെട്രിക്കൺ.
സിനിമയുടെ പോസ്റ്ററും ട്രെയിലറും നേരത്തെ പുറത്ത് വിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിച്ചത്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന ചിത്രമാണ് നായൻതാര നായികയായി ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത അവസാന മലയാള ചലച്ചിത്രം.
ചിത്രത്തിൻറ്റെ ഛായാഗ്രഹണം ആർ ഡി രാജശേഖരൻ, എഡിറ്റിംങ് ലോറൻസ് കിഷോർ, സംഭാഷണം നവീൻ സുന്ദരമൂർത്തി, സംഗീത സംവിധാനം കെ എസ് ഗിരീഷ് ജി, ആക്ഷൻ ഡയറക്ടർ ദിലീപ് സുബ്ബരായൻ, വസ്ത്രാലങ്കാരം ദിനേഷ് മനോഹരൻ, സൌണ്ട് എ എം റഹ്മത്തുല്ല എന്നിവർ നിർവ്വഹിക്കുന്നു. 1981ൽ പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ പേര് അനുമതി വാങ്ങിയിട്ടാണ് ഈ സിനിമയ്ക്ക് വീണ്ടും ഉപയോഗിച്ചത്.