CINEMA NEWS

റിലീസ് തിയതി പ്രഖ്യാപിച്ച് ടൊവിനോയുടെ പുതിയ ചിത്രം നാരദൻ

റിലീസ് തിയതി പ്രഖ്യാപിച്ച് ടൊവിനോയുടെ പുതിയ ചിത്രം നാരദൻ. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് ലോക വ്യാപകമായി റിലീസ് ചെയ്യും. നേരത്തെ ജനുവരി 27ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിൻറ്റെ റിലീസ് കൊവിഡ് മൂന്നാം തരംഗത്തെ തുടർന്നാണ് മാറ്റിവെച്ചത്.

മായാനദി, വൈറസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബുവും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് നാരദൻ. മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്നാണ് സൂചന. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ട്രയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അന്ന ബെന്നാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യൂ, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും ഉണ്ട്. ഉണ്ണി ആർ ആണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സന്തോഷ് കുരുവിളയും, ആഷിക് അബുവും, റീമാ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഛായാഗ്രഹണം ജാഫർ സാദിഖ്, എഡിറ്റിംങ് സൈജു ശ്രീധരൻ, സംഗീത സംവിധാനം ഡി ജെ ശേഖർ മേനോൻ, ഒർജിനൽ സൌണ്ട് ട്രാക്ക് നേഹ, യാക്സൺ പെരേര, ആർട്ട് ഗോകുൽ ദാസ്, പിആർഒ ആതിര ദിൽജിത്ത് തുടങ്ങിയവരും നിർവ്വഹിക്കുന്നു.

മിന്നൽ മുരളിയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ടൊവിനോയുടെ മലയാള ചലച്ചിത്രം. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിൻറ്റെ ഇന്ത്യൻ ട്രൻറ്റിങ് ലിസ്റ്റിൽ ഇപ്പോഴും ഒന്നാമാതായി തുടരുകയാണ് ചിത്രം.