CINEMA NEWS

അമ്മയുടെ വഴിയേ മകളും. സിനിമയിലേക്ക് ചുവടുവയ്ക്കാൻ മുക്തയുടെ മകൾ കൺമണിയും.

മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് മുക്ത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് താരം. ഇപ്പോഴിതാ മുക്തയുടെ മകൾ കൺമണി എന്നു വിളിക്കുന്ന കിയാരയും അമ്മയുടെ വഴിയേ സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്.
മമ്മൂട്ടി നായകനായി എത്തിയ മാമാങ്കം എന്ന ചിത്രത്തിനു ശേഷം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലുടെ ആണ് കിയാര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻറ്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കുട്ടി താരമാണ് കിയാര. മോണോ ആക്ടിലും സംഗീതത്തിലും എല്ലാം കിയാര തൻറ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇതിനു പുറമേ മുക്തയുടെ ഭർതൃസഹോദരി കൂടിയായ ഗായിക റിമി റ്റോമിയുടെ യൂട്യൂബ് ചാനലിലും കിയാര പ്രത്യക്ഷപ്പെടാറുണ്ട്.

യുജിഎമ്മിൻറ്റെ ബാനറിൽ ഡോ സക്കറിയ തോമസ്, ഗിജൊ കാവനൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രതീഷ് റാം ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നും കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മുമ്പ് വ്യക്തമാക്കിയിരുന്നു.

ജോജു ജോർജിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രത്തിൻറ്റെ തമിഴ് റീമേക്കും ഒരുക്കുന്നത് പദ്മകുമാർ തന്നെയാണ്. വിചിത്തിരൻ എന്ന് ആണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.