GENERAL NEWS

രണ്ടാം പിണറായി സർക്കാരിന് ആശംസകളുമായി സിനിമ താരങ്ങൾ

സംസ്ഥാനത്ത് രണ്ടാമതും മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലികൊടുത്തത്. കെ രാജൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, വി അബ്ദുറഹ്മാൻ, വീണാ ജോർജ്, വി എൻ വാസവൻ, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ജെ ചിഞ്ചുറാണി, ആർ ബിന്ദു, വി ശിവൻകുട്ടി, ആൻറ്റണി രാജു, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, പി രാജീവ്, സജി ചെറിയാൻ, കെ രാധാകൃഷ്ണൻ, പി പ്രസാദ്, പി എ മുഹമ്മദ് റിയാസ്, എം വി ഗോവിന്ദൻ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി സ്ഥാനമേറ്റു. ഇപ്പോഴിതാ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ആശംസകളുമായി നിരവധി സിനിമ താരങ്ങളും എത്തിയിരിക്കുകയാണ്. എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ആശംസ അറിയിച്ചത്.

പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെയ്ക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻറ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ എന്നാണ് മോഹൻലാൽ തൻറ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

രണ്ടാമൂഴത്തിലും നാടിൻറ്റെ നന്മക്ക് വികസനത്തിന് ചുക്കാൻ പിടിക്കുന്ന പിണറായി വിജയൻ സാറിനും മറ്റ് പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു എന്ന് ദിലീപും തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പുതിയ മന്ത്രിമാർക്കും ആശംസകൾ. പരമ്പരാഗത രീതി മാറി പുതുതലമുറക്ക് അവസരം നൽകിക്കൊണ്ടുള്ള തീരുമാനത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. അടിമുടി മാറ്റങ്ങളോടെ എത്തുന്ന പുതിയ മന്ത്രിസഭക്ക് മുമ്പിൽ കോവിഡ് 19ഉം അത് സൃഷ്ടിച്ച ആഘാതങ്ങളും അടക്കം വെല്ലുവിളികൾ അനേകമാണ് എന്നാണ് നടി ശ്രീയ രമേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

തൻറ്റെ ഫേസ്ബുക്ക് പേജിലൂടെ മന്ത്രിമാരും അവരുടെ വകുപ്പുകളും ഏതൊക്കെയാണെന്നുള്ള പോസ്റ്റർ പങ്കുവെച്ച് മന്ത്രിമാർക്കെല്ലാം ആശംസ അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
ഇവർക്കുപുറമേ നടൻ ബാലചന്ദ്രൻ മേനോൻറ്റെ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അഭിനന്ദിച്ചുക്കൊണ്ടുള്ള കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.