MOLLYWOOD

ഋഷഭ: പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ

പുതിയ പ്രോജക്ടിനെക്കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ഋഷഭ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി നാല് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

മോഹൻലാൽ തന്നെ ആണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ആക്ഷനും ഇമോഷനും കൂടികലർന്ന ഒരു ചിത്രമെന്നാണ് മോഹൻലാൽ പുതിയ സിനിമയെ വിശേഷിപ്പിച്ചത്. ചിത്രം സൈൻ ചെയ്തുവെന്നും പുതിയ ചിത്രത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും വേണമെന്നും മോഹൻലാൽ കുറിച്ചു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ സമൂഹമാധ്യമങ്ങളിലും പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷം മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് ഋഷഭ. നന്ദ കിഷോർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ വി എസ് സ്റ്റുഡിയോസിൻറ്റെ ബാനറിൽ അഭിഷേക് വ്യാസ്, ശ്യാം സുന്ദർ, പ്രവീർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ വി എസ് സ്റ്റുഡിയോസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ജിത്തു ജോസഫിൻറ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റാം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ മുടങ്ങിപ്പോയ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.

ഇതിനുപുറമേ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിൻറ്റെ രണ്ടാം ഭാഗം എമ്പുരാനും മോഹൻലാലിൻറ്റേതായി പുറത്തിറങ്ങാനുണ്ട്. ചിത്രത്തിൻറ്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മോൺസ്റ്റർ, എലോൺ എന്നീ ചിത്രങ്ങളും മോഹൻലാലിൻറ്റേതായി ഒരുങ്ങുന്നുണ്ട്.