പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആക്ഷൻ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിച്ചിട്ടുണ്ട്. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് സൂചന.
പുലിമുരുകൻറ്റെ രചന നിർവ്വഹിച്ച ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംങ് ഷമീർ മുഹമ്മദ്, സംഗീത സംവിധാനം ദീപക് ദേവ്, ആക്ഷൻ സ്റ്റണ്ട് സിൽവ, ആർട്സ് ഷാജി നടുവിൽ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗ്ഗീസ്, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ എന്നിവരും നിർവ്വഹിക്കുന്നു.
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ആദ്യമായി 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമാണ് പുലിമുരുകൻ. പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത 2019ലാണ് പുറത്ത് വന്നത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട് മറ്റ് വാർത്തകൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കമാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് മോൺസ്റ്റർ. എലോണിന് പുറമേ ആറാട്ട്, ബ്രോ ഡാഡി, 12ത്ത് മാൻ, റാം , എമ്പുരാൻ തുടങ്ങി ഒട്ടനവധി സിനിമകളാണ് മോഹൻലാലിൻറ്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഇതിൽ ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ഒരുക്കുന്ന ചിത്രങ്ങളെല്ലാം ഒടിടി റിലീസായിരിക്കുമെന്നാണ് സൂചന.