ഗോദ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും റിലീസിന് എത്തുന്ന ചിത്രത്തിൻറ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്ക്സാണ്.
നേരത്തെ ടൊവിനോ നായകനായ കള എന്ന ചിത്രവും ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. തിയേറ്റർ റിലീസിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയത്. മിന്നൽ മുരളിയും തിയേറ്റർ റിലീസിന് ശേഷമേ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യൂ എന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ഓണം തിയട്രിക്കൽ റിലീസാണ് ചിത്രത്തിന് പ്ലാൻ ചെയ്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെയും എത്തിയിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന് റെക്കോർഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നൽകിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കള എന്ന ടൊവിനോ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിൻറ്റെ അടിസ്ഥാനത്തിലാണ് മിന്നൽ മുരളിക്കും വൻ തുക ലഭിക്കാൻ കാരണമായതെന്നാണ് സൂചന.
വീക്കൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻറ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ ടൊവിനോക്ക് പുറമേ അജു വർഗ്ഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, തമിഴ് നടൻ ഗുരു സോമസുന്ദരം എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന മിന്നൽ മുരളിയുടെ രചന അരുൺ അനിരുദ്ധനും, ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സമീർ താഹിർ, സംഗീത സംവിധാനം ഷാൻ റഹ്മാൻ, സംഘട്ടനം വ്ളാഡ് റിംബാർഗ് എന്നിവരും നിർവ്വഹിക്കുന്നു. വി എഫ് എക്സിന് ഏറേ പ്രാധാന്യമുള്ള ചിത്രത്തിൻറ്റെ വ് എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.