മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമായിരുന്നു മീര ജാസ്മീൻ. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ആണ് മീര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത മീര ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മകൾ എന്ന ചിത്രത്തിലൂടയാണ് മീര അഭിനയത്തിലേക്ക് തിരികെയെത്തുന്നത്. ഇപ്പോഴിതാ എന്തുക്കൊണ്ടാണ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും തുടർന്നും സിനിമയിൽ സജീവമാകുമോയെന്നുമുള്ള ആരാധകരുടെ സംശയത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മീര ജാസ്മിൻ.
“ സിനിമയിലേക്ക് തിരിച്ചുവരാൻ ഞാൻ മാനസികമായി തയ്യാറായ സമയം മുതൽ ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു സത്യൻ അങ്കിളിൻറ്റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കിൽ ചെയ്യാമായിരുന്നു. സത്യൻ അങ്കിളിൻറ്റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ. എൻറ്റെ ആ സമയത്തെ തോന്നലായിരുന്നു അത്. അത് ഞാൻ ആരോടും പറഞ്ഞില്ല. സത്യൻ അങ്കിളിനെ ഒന്ന് വിളിക്കുകപോലും ചെയ്തില്ല. അത് മനസ്സിൽ അങ്ങനെ ഇരുന്നു. പക്ഷേ അവിടുന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോൾ തീർത്തും യാദൃശ്ചികമായി അങ്കിൾ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തതാണ്. ശരിക്കും ഒരു അത്ഭുതം ആയിരുന്നു അങ്കിളിൻറ്റെ ആ ഫോൺ കോൾ.
ഞാൻ നടിയായതും ജീവിതത്തിൽ എനിക്ക് ഉണ്ടായ നേട്ടങ്ങൾ എല്ലാം തന്നതും മലയാളമാണ്. മലയാളിക്ക് എന്നോട് ഉള്ള ഇഷ്ടം ഇപ്പോളും ഉണ്ടെന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൌൺസ് ചെയ്തപ്പോഴും സ്നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്. മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സജീവമായിരിക്കും പക്ഷേ ഞാൻ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടൻറ്റിനായിരിക്കും ഞാൻ പ്രാധാന്യം നൽകുക. സംവിധാനം പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ അത് അഭിനയം പോലെ അത്ര എളുപ്പമല്ല. സംവിധാനം പഠിക്കാൻ ഒരു അവസരം കിട്ടിയാൽ തീർച്ചയായും ഞാൻ പഠിക്കുക തന്നെ ചെയ്യും. പിന്നെ പ്രൊഡക്ഷൻ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. കുറച്ച് കാലം കഴിയുമ്പോ പ്രൊഡക്ഷനിലും എന്നെ പ്രതീക്ഷിക്കാം” എന്നും മീര പറഞ്ഞു