നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രം സെപ്റ്റംബർ 2 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഒരു പ്രധാന വേഷത്തിൽ എത്തേണ്ടതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ കഥാപാത്രം ചെയ്യുന്നതിൽ നിന്നും താരം പിന്മാറി എന്നതാണ് പുതിയ വാർത്ത. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ ഒരു ദൈർഘ്യമേറിയ കഥാപാത്രത്തെ ആണ് മഞ്ജു അവതരിപ്പിക്കേണ്ടിയിരുന്നത്.
കോവിഡ് മഹാമാരിയാണ് മഞ്ജു ചിത്രത്തിൽ നിന്നും പിന്മാറാനുള്ള കാരണം. കോവിഡിനു മുമ്പ് ചില രംഗങ്ങളിൽ മഞ്ജു അഭിനയിച്ചിരുന്നു. ബാക്കി രംഗങ്ങൾ കോവിഡിനു ശേഷം ചിത്രീകരിക്കാം എന്നായിരുന്നു തീരുമാനം.
തുടർന്ന് കോവിഡ് രൂക്ഷമാവുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ തിരക്കഥയിൽ ചില മാറ്റങ്ങൾ വരുത്തി. പുതിയ തിരക്കഥയിൽ മഞ്ജുവിൻറ്റെ കഥാപാത്രത്തിൻറ്റെ പ്രാധാന്യം കുറഞ്ഞു. ഇതോടെ മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും ഒഴിവാകുക ആയിരുന്നു. നേരത്തെ മഞ്ജു അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
അതേസമയം, കനകം കാമിനി കലഹം ആണ് നിവിൻ പോളിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ആണ് നിവിൻ പോളിയുടെ ഇനി റിലീസാകാനുള്ള ചിത്രം. ജൂൺ 3 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണി ഇന്ദ്രജിത്ത്, അർജ്ജുൻ അശോകൻ, സുദേവ് നായർ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.