CINEMA NEWS

‘അഭിനയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു, അവരും’ അജിത്ത് ചിത്രം എ കെ 61നെക്കുറിച്ച് മഞ്ജു വാര്യർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എ കെ 61. വലിമൈ എന്ന ചിത്രത്തിനു ശേഷം എച്ച് വിനോദും നടൻ അജിത്തും ഒരുമിക്കുന്ന ചിത്രമാണ് എ കെ 61. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ചിത്രത്തിൽ ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇത് സ്ഥീതീകരിച്ചുക്കൊണ്ടുള്ള മഞ്ജു വാര്യരുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് ഇടെയാണ് മഞ്ജു ഈ കാര്യം വ്യക്തമാക്കിയത്.

“ എല്ലാ കാര്യങ്ങളും ഒത്തുവന്നപ്പോൾ അങ്ങനെ ഒരു സിനിമ ചെയ്യുകയായിരുന്നു. എന്നെ അഭിനയിപ്പിക്കണം എന്ന് അവർ ആഗ്രഹിച്ചു. ഞാനും ആഗ്രഹിച്ചിരുന്നു. അതുക്കൊണ്ട് ചെയ്തു. അത്രമാത്രം.” എങ്ങനെയുള്ള ചിത്രമായിരിക്കും ഇതെന്ന ചോദ്യത്തിന് അത് സസ്പെൻസായി തന്നെ ഇരിക്കട്ടെ എന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി.

ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് എ കെ 61. അജിത്തിൻറ്റെ കരിയറിലെ 61-ാമത്തെ ചിത്രമാണിത്. ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അസുരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. അജിത്തിൻറ്റെ നായികയായാണ് മഞ്ജു ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിനായി പുതിയൊരു താരജോഡിയെയാണ് സംവിധായകന് വേണ്ടിയിരുന്നത്. അതിനായി മഞ്ജു വാര്യരെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്. വളരെ കരുത്തുറ്റ നായിക കഥാപാത്രമാണ് മഞ്ജുവിൻറ്റെ എന്നാണ് സൂചന. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ മഞ്ജു ചിത്രത്തിൻറ്റെ ഷൂട്ടിംങിനായി ഹൈദരാബാദിൽ എത്തും.

അതേസമയം ലളിതം സുന്ദരമാണ് മഞ്ജു വാര്യരുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്നിവയാണ് മഞ്ജുവിൻറ്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.