മലയാളത്തിൻറ്റെ താര ചക്രവർത്തി സിനിമയിൽ എത്തിയിട്ട് അമ്പതു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. അമ്പതു വർഷങ്ങൾക്കു മുമ്പ് ഒരു ആഗസ്റ്റ് ആറാം തിയതീ ആണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 1971 ൽ തോപ്പിൽ ഭാസി തിരക്കഥ എഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം അഭിനയജീവിതത്തിനു തുടക്കം കുറിക്കുന്നത്. ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ആദ്യമായി സിനിമയിൽ എത്തിയതിൻറ്റെ ഓർമ്മകൾ മമ്മൂട്ടി തന്നെ അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
എന്നാൽ ഇപ്പോൾ അരനൂറ്റാണ്ട് പിന്നിടുമ്പോൾ പത്മശ്രീയും മൂന്നു ദേശീയ അവാർഡുകളും നേടി മഹാനടൻ എന്ന പേരു സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 400 ലേറെ ചിത്രങ്ങൾ ചെയ്തു. സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചു. ഇപ്പോൾ യുവതലമുറ കടന്നുവന്നിട്ടും മമ്മൂട്ടിക്കായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
സിനിമയിൽ എത്തിയിട്ട് അരനൂറ്റാണ്ടായിട്ടും മമ്മൂട്ടി എന്ന നടന് സിനിമയോടുള്ള പ്രണയം ഇതുവരെയും അവസാനിച്ചിട്ടില്ല. സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ മമ്മൂട്ടി ഒരിക്കലും മടിച്ചിട്ടില്ലായെന്ന് നിരവധി സംവിധായകരും പറഞ്ഞിട്ടുണ്ട്. ലാൽ ജോസ്, അമൽ നീരദ്, അൻവർ റഷീദ്, ആഷിക് അബു തുടങ്ങി നിരവധി പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ വ്യക്തി കൂടിയാണ് മമ്മൂട്ടി.
മൂന്നു തവണ മികച്ച നടനുള്ള ദേശീയ അവാർഡും എഴ് സംസ്ഥാന അവാർഡും 13 ഫിലിഫെയർ അവാർഡുകളും 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുമടക്കം നിരവധി പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിട്ടുണ്ട്. 1998 ൽ ഇന്ത്യൻ സർക്കാർ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ മാനിച്ച് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. ഇതിനുപുറമേ കേരള – കാലിക്കറ്റ് സർവകലാശാലകൾ ഡോക്ടറേറ്റ് നൽകിയും മമ്മൂട്ടിയെ ആദരിച്ചിട്ടുണ്ട്.