മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ജിത്തു ജോസഫ്. മോഹൻലാൽ നായകനായി എത്തിയ ട്വൽത്ത് മാനാണ് ജിത്തു ജോസഫിൻറ്റെ ഏറ്റവും പുതിയ ചിത്രം. ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ചെയ്യണം എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ജിത്തു ജോസഫ്. ഫിൽമീ ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ധേഹം ഈ കാര്യം വ്യക്തമാക്കിയത്.
“ മമ്മൂക്കയുമായുള്ള ഒരു സിനിമ തീർച്ചയായും എൻറ്റെ പ്ലാനിൽ ഉണ്ട്. ഇപ്പോഴും എൻറ്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകൾ ആലോചിച്ചിട്ടും അത് വർക്ക് ഔട്ട് ആയില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല” എന്നും അദ്ധേഹം പറഞ്ഞു.
ദൃശ്യം 2 ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രമാണ് 12th മാൻ. ദൃശ്യം പോലെ തന്നെ ഒരു ത്രില്ലർ ചിത്രമാണ് 12 th മാൻ. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ അനുശ്രീ, ഷൈൻ ടോം ചാക്കോ, അദിതി രവി, സൈജു കുറിപ്പ്, വീണ നന്ദകുമാർ, ശിവദ നായർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം പുഴുവാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. നവാഗതനായ റത്തീന ഷർഷാദ് സംവിധാനം ചെയ്ത ചിത്രത്തിൽ പാർവ്വതി തിരുവോത്താണ് നായികയായി എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.