Lalettan Birthday Special :മലയാളികളുടെ സ്വന്തം ലാലേട്ടന് ഇന്ന് ജന്മദിനം. 61-ാം പിറന്നാൾ ആഘോഷമാക്കി ആരാധകരും സിനിമാലോകവും. പതിവ് തെറ്റാതെ 12 മണിക്ക് മമ്മൂക്ക തൻറ്റെ പ്രിയ സുഹൃത്ത് മോഹൻലാലിന് ആശംസകൾ നേർന്നു. പ്രിയദർശൻ, പൃഥ്വിരാജ്, ജയറാം തുടങ്ങി നിരവധി പ്രമുഖർ പിറന്നാൾ ആശംസകളുമായി എത്തി. ഹാപ്പി ബർത്ത്ഡേ സ്റ്റീഫൻ, ഹാപ്പി ബർത്ത്ഡേ അബ്രാം, ഹാപ്പി ബർത്ത്ഡേ ലാലേട്ടാ എന്നാണ് പൃഥിരാജ് കുറിച്ചത്. കോവിഡ് ഇല്ലായിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ എമ്പുരാൻ ഷൂട്ട് ചെയ്യുകയാവും എന്നും വേഗം അതിന് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
1960 മെയ് 21 നായിരുന്നു മോഹൻലാൽ ജനിച്ചത്. അഭിനേതാവ്, നിർമ്മാതാവ്, അവതാരകൻ തുടങ്ങി നിരവധി മേഖലകളിലൂടെ മോഹൻലാൽ മലയാളികളുടെ ലാലേട്ടനായി. 300 ൽ അധികം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല, മറ്റ് ഭാഷകളിലും മോഹൻലാൽ തൻറ്റെ വ്യക്തിമുദ്ര പതിച്ചു. നിരവധി അവാർഡുകളും അംഗീകാരങ്ങളും ലാലേട്ടനെ തേടി എത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടൻ.
ചെന്നൈയിലാണ് ഇപ്പോൾ മോഹൻലാൽ ഉളളത്. കഴിഞ്ഞ പിറന്നാളിനും അദ്ദേഹം ചെന്നൈയിൽ ആയിരുന്നു. നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട്, മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ. ബാറോസ് എന്ന ചിത്രത്തിൻറ്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണിത്.
ലാലേട്ടൻ അവതാരകനായിരുന്ന ബിഗ് ബോസ് നിർത്തി എന്ന ദു:ഖവും ഈ പിറന്നാൾ ദിനത്തിൽ ആരാധകർ പങ്കുവയ്ക്കുന്നു.
കഴിഞ്ഞ ദിവസം പോലീസ് ഇടപെട്ടാണ് ചെന്നൈയിൽ നടന്നുകൊണ്ടിരുന്ന ബിഗ് ബോസ് സീസൺ 3 നിർത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഷോ മുന്നോട്ട് കൊണ്ടുപോയതിന് ഒരു ലക്ഷം രൂപ പിഴയും ഈടാക്കി. 95 ദിവസത്തിൽ വച്ച് അപ്രതീക്ഷിതമായി ഷോ അവസാനിപ്പിക്കേണ്ടി വന്നു. ഷോ നിർത്തിയില്ലായിരുന്നുവെങ്കിൽ വളരെ ഗംഭീരമായി ബിഗ് ബോസിലും ലാലേട്ടൻറ്റെ പിറന്നാൾ ആഘോഷമായേനെ.