പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസൻസിനു ശേഷം ബിഗ് ബജറ്റ് ചിത്രവുമായി ലാൽ ജൂനിയർ വീണ്ടും എത്തുന്നു. ടൊവീനോ തോമസ് ആണ് പുതിയ ചിത്രത്തിലെ നായകൻ. ടൊവീനോയ്ക്കൊപ്പം സൌബിനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഒരു ഫീൽ ഗുഡ് കൊമേഴ്സ്യൽ എൻറ്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സുവിൻ സോമശേഖരനാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രവർത്തനം തുടരുന്ന സ്റ്റാർ എന്ന ചിത്രത്തിനു ശേഷം സുവിൻ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.
മിന്നൽ മുരളി, അജയൻറ്റെ രണ്ടാം മോഷണം, തല്ലുമാല തുടങ്ങിയ ബിഗ് പ്രോജക്ടുകൾക്കു ശേഷം ഒരുങ്ങുന്ന ടൊവീനോയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാകും ഇത്.
യക്സൻ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം ആൽബി. ചിത്രത്തിൻറ്റെ ടൈറ്റിലും മറ്റു വിവരങ്ങളും ഉടൻ തന്നെ പുറത്തുവിടുമെന്നും ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചു.
കാണെക്കാണെ ആണ് ടൊവീനോയുടെ ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. അലൻ എന്ന കഥാപാത്രത്തെ ആയിരുന്നു ടൊവീനോ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ടൊവീനോയുടെ ഇനി റിലീസാകാനുള്ള ചിത്രം. നെറ്റ്ഫ്ലിക്സിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസംബർ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണവും സിനിമയ്ക്കുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.