പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 11 ന് എത്തും. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓണത്തിന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിൻറ്റെ സിംഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനും മുമ്പേ ആണ് കുരുതി എത്തുന്നത്. ചിത്രത്തിൻറ്റെ റിലീസ് ഡേറ്റുമായി പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.
കോഫി ബ്ലും എന്ന ബോളിവുഡ് ചിത്രത്തിനു ശേഷം മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി. മനു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഒരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.
പൃഥ്വിരാജിനു പുറമേ റോഷൻ മാത്യൂ, ശ്രിന്ദ, ഷൈൻ ടോം ചാക്കോ, മാമുക്കോയ, മുരളി ഗോപി, നെൽസൺ, മണികണ്ഠൻ രാജൻ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അടുത്തിടെ ആമസോണിൽ റിലീസ് ചെയ്ത പൃഥിരാജിൻറ്റെ ത്രില്ലർ ചിത്രം കോൾഡ് കേസും വലിയ വിജയം ആയിരുന്നു. വീണ്ടും ഒരു ത്രില്ലർ ചിത്രവുമായാണ് പൃഥ്വി എത്തുന്നത്.
നേരത്തെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് ഇത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ചിത്രത്തിൻറ്റെ റിലീസ് അണിയറപ്രവർത്തകർ മാറ്റിവയ്ക്കുകയായിരുന്നു. മെയ് 13 ന് ആയിരുന്നു ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിഷ് പല്യാൽ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ.