തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായ് മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിൻറ്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ദുൽഖറിൻറ്റെ ആദ്യ സിനിമയായ സെക്കൻറ്റ് ഷോയും സംവിധാനം ചെയ്തത് ശ്രീനാഥ് രാജേന്ദ്രൻ തന്നെയായിരുന്നു. ഇപ്പോഴിതാ കുറുപ്പിനും സെക്കൻറ്റ് ഷോയ്ക്കും രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് ശ്രീനാഥ് തൻറ്റെ ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.
സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഏതായാലും ഇപ്പോഴില്ലെന്നും രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂവെന്നും ശ്രീനാഥ് രാജേന്ദ്രൻ ലൈവിൽ പറഞ്ഞു. സിനിമ വരാൻ അൽപം താമസമെടുത്താലും നല്ല രസമായി തന്നെ വരും എന്നും അദ്ധേഹം വ്യക്തമാക്കി. ഇതിനോടൊപ്പം തൻറ്റെ ആദ്യ ചിത്രമായ സെക്കൻറ്റ് ഷോയ്ക്കും രണ്ടാം ഭാഗം ഉണ്ടാവുമെന്നും ശ്രീനാഥ് രാജേന്ദ്രൻ വ്യക്തമാക്കി. മോഹൻലാലുമായി സിനിമ ചെയ്യണമെന്നാണ് തൻറ്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ശ്രീനാഥ് ലൈവിനിടെ പറഞ്ഞു.
ഈ മാസം 12നാണ് കുറുപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ റെക്കോർഡ് തുക ലഭിച്ചിട്ടും ഓഫറുകൾ നിരസിച്ച് കുറുപ്പ് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിൽ ശോഭിത ധൂലിപാലയാണ് നായിക. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭി ലക്ഷ്മി തുടങ്ങീ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 35 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ദുൽഖറിൻറ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. വേഫെയർ ഫിലിംസും എം സ്റ്റാർ എൻറ്റർടൈൻമെൻറ്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്