CINEMA NEWS

ആസിഫ് അലി നായകനായ പുതിയ ചിത്രം കുഞ്ഞെൽദോ തിയേറ്റർ റിലീസ് | റിലീസ് ഡേറ്റ് അറിയാം

തിയേറ്റർ റിലീസിനൊരുങ്ങി ആസിഫ് അലി നായകനായ പുതിയ ചിത്രം കുഞ്ഞെൽദോ. ആസിഫ് അലിയെ നായകനാക്കി അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ഹാസ്യ ചിത്രമാണ് കുഞ്ഞെൽദോ. ഓണച്ചിത്രമായി ആഗസ്റ്റ് 27 നാണ് സിനിമയുടെ തിയേറ്റർ റിലീസ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്. നേരത്തെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായതിനെ തുടർന്നാണ് റിലീസ് മാറ്റിവെച്ചത്.

കുഞ്ഞെൽദോ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി സിനിമയിൽ അവതരിപ്പിക്കുന്നത്. പുതുമുഖം ഗോപിക ഉദയനാണ് സിനിമയിലെ നായിക. വിനീത് ശ്രീനിവാസൻ, സിദ്ധിഖ്, അർജ്ജുൻ ഗോപാൽ, സുധീഷ്, നിസ്താർ സേട്ട്, രാജേഷ് വർമ്മ, മിഥുൻ എം ദാസ്, കൃതിക പ്രദീപ്, അശ്വതി ശ്രീകാന്ത്, രേഖ, ശ്രുതി രജനീകാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയിലെ മനസ്സുനന്നാവട്ടെ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറേ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻറ്റെ സുഹൃത്തിൻറ്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിൻറ്റെ പ്രമേയം.

ടോവിനോ തോമസ് നായകനായ കൽക്കി എന്ന സിനിമയ്ക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിൻറ്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുഞ്ഞെൽദോ. 2019ൽ ആരംഭിച്ച സിനിമയുടെ ഷൂട്ടിംങ് ആലുവ, തൊടുപുഴ, പെരുംമ്പാവൂർ, പറവൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. സിനിമയുടെ രചന മാത്തുക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റിംങ് രഞ്ചൻ എബ്രാഹം, സംഗീതം ഷാൻ റഹ്മാൻ, ക്രിയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസൻ, കലസംവിധാനം നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.