CINEMA NEWS

‘കിംഗ് ഓഫ് കൊത്ത’യിൽ ദുൽഖർ സൽമാൻറ്റെ നായികയായി ഐശ്വര്യ ലക്ഷ്മി

ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ദുൽഖർ സൽമാനൊപ്പം വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മി ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാർത്തകൾ ശരിയാണെങ്കിൽ ദുൽഖർ സൽമാനും ഐശ്യര്വ ലക്ഷ്മിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാവുമിത്. ഏറേ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ മലയാളത്തിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ഷൂട്ടിംങ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

അതേസമയം സീതറാം ആണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രം. ലഫ്റ്റനൻറ്റ് കേണൽ റാം എന്ന കഥാപാത്രത്തെ ആണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യൻ സുന്ദരി മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആണ് മൃണാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദുൽഖർ ആദ്യമായി ഒരു പട്ടാളക്കാരൻറ്റെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ അതിഥി വേഷത്തിൽ രശ്മിക മന്ദാനയും എത്തുന്നുണ്ട്.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവനാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. ആര്യ നായകനായി എത്തുന്ന ക്യാപ്റ്റനാണ് ഇനി റിലീസ് കാത്തിരിക്കുന്ന ഐശ്വര്യയുടെ ചിത്രം. സെപ്റ്റംബർ 8നാണ് ചിത്രത്തിൻറ്റെ റിലീസ്. ആര്യയുടെ കരിയറിലെ 33-ാമത്തെ ചിത്രമാണിത്. ടെഡി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം സംവിധായകൻ ശക്തി രാജനും ആര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.