GENERAL NEWS

ആദ്യമായി കിട്ടിയ പ്രതിഫലം വെളിപ്പെടുത്തി കീർത്തി സുരേഷ്.

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരം ആണ് കീർത്തി സുരേഷ്. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമേ കീർത്തി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് വളരെ സുപരിചിതയാണ് കീർത്തി. തമിഴിലും തെലുങ്കിലും കീർത്തി വളരെ ശ്രദ്ധേയയാണ്.

മലയാളികളുടെ പ്രിയ നായിക മേനകയുടെയും നിർമ്മാതാവ് സുരേഷ് കുമാറിൻറ്റെയും മകൾ കീർത്തി കുട്ടിക്കാലം മുതലേ സിനിമയിൽ സജീവമാണ്. 2002 ൽ കുബേരൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കീർത്തി സിനിമയിലേക്കു കടന്നുവരുന്നത്. പിന്നീട് 2013 ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ ആണ് കീർത്തി നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മലയാളത്തിൽ തിളങ്ങാൻ കീർത്തിക്കു കഴിഞ്ഞില്ല. പിന്നീട് കീർത്തി തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധേയാകുന്നത്. തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളു തന്നെയാണ് കീർത്തി ഇന്ന്.
തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആണ് കീർത്തി തനിക്കു കിട്ടിയ പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ആദ്യമായി ലഭിച്ച പ്രതിഫലം കൊണ്ട് എന്താണു ചെയ്തത് എന്നും കീർത്തി അഭിമുഖത്തിൽ പറയുന്നുണ്ട്.

അഭിനയിക്കാൻ തുടങ്ങിയപ്പോൾ മുതൽ നിർമ്മാതാക്കൾ തനിക്ക് പ്രതിഫലം ഒരു കവറിൽ ഇട്ട് നൽകുമായിരുന്നു. എന്നാൽ അത് തുറന്നു നോക്കുക പോലും ചെയ്തിരുന്നില്ല. അത് അച്ഛൻറ്റെ കൈയിൽ കൊടുക്കും. താൻ ആദ്യമായി സമ്പാദിച്ച തുക 500 രൂപ ആയിരുന്നു എന്നാണ് കീർത്തി പറയുന്നത്. അത് പക്ഷേ തനിക്ക് ലഭിച്ചത് അഭിനയത്തിന് ആയിരുന്നില്ല. താൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ടെന്നും ആ സമയത്ത് ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തതിൽ നിന്നുമാണ് തനിക്ക് ഈ പ്രതിഫലം ലഭിച്ചതെന്നും താരം പറഞ്ഞു. ആദ്യമായി സമ്പാദിച്ച ആ തുക അച്ഛനെ ഏൽപിക്കുയായിരുന്നു കീർത്തി ചെയ്തത്.