CINEMA NEWS

പൃഥിരാജിൻറ്റെ ബ്രോ ഡാഡിയിൽ കാവ്യ ഷെട്ടിയും

ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ കന്നട നടിയായ കാവ്യ ഷെട്ടിയും ബ്രോ ഡാഡിയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുന്നു. കാവ്യ ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് ബ്രോ ഡാഡി. കാവ്യ ഷെട്ടി മലയാള സിനിമയിലേക്ക് എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ തൻറ്റെ ആദ്യ മലയാള സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

“ പുതിയ തുടക്കത്തിൽ ഞാൻ വളരെ അധികം സന്തോഷവതിയാണ്. വളരെ രസകരമായ രീതിയിലാണ് സിനിമ ഒരുക്കുന്നത്. പൂർണമായും ഒരു കുടുംബ ചിത്രമാണ്. സൂസൻ എന്നാണ് എൻറ്റെ കഥാപാത്രത്തിൻറ്റെ പേര്. ഹൈദരാബാദിൽ പൃഥിരാജിനൊപ്പം എൻറ്റെ ഷെഡ്യൂൾ ആരംഭിച്ചു കഴിഞ്ഞു. ഞാൻ വളരെയധികം ആവേശത്തിലാണ്. പ്രതീക്ഷയുമുണ്ട്. ഒരു പുതിയ ഇൻറ്റസ്ട്രിയിലുള്ള എൻറ്റെ യാത്ര എങ്ങനെയായിരിക്കും എന്നറിയാൻ ഞാനും കാത്തിരിക്കുകയാണ്.”

ശ്രീജിത്തും ബിബിനും ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. രസകരമായ ഒരു കുടുംബ കഥയാണ് ബ്രോ ഡാഡി. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. ദീപക് ദേവ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം ഗോകുൽ ദാസ്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ എന്നിവരും നിർവ്വഹിക്കുന്നു.