മമ്മൂട്ടി ചിത്രമായ കസബയ്ക്ക് ശേഷം സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ ( Kaval Movie ). ഇതൊരു ആക്ഷൻ ത്രില്ലർ മൂവിയാണ്. ഗുഡ് വിൽ എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് ഗോപിക്ക് പുറമേ ചിത്രത്തിൽ രഞ്ജി പണിക്കർ, ലാൽ, സയാ ഡേവിസ്, മുത്തുമണി, സുജിത് ശങ്കർ, ഐ എം വിജയൻ, അലൻസിയർ ലോപ്പസ്, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി ദേവ്, മുരുകൻ തുടങ്ങിയവരും അണിനിരക്കുന്നു. തമ്പനായാണ് സുരേഷ് ഗോപി ചിത്രത്തിൽ വേഷമിടുന്നത്. 2020 ലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിച്ചത്. ഇടുക്കി ജില്ല കേന്ദ്രീകരിച്ചായിരുന്നു ഷൂട്ടിംങ്. ഏറേ നാളുകൾക്ക് ശേഷം സുരേഷ് ഗോപി ആക്ഷൻ റോളിൽ എത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇതൊരു ഫാമിലി മൂവി കൂടിയാണെന്ന് ചിത്രത്തിൻറ്റെ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ പറഞ്ഞു.
ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ എഡിറ്റിംങ് മൻസൂർ മുത്തൂട്ടി കലാസംവിധാനം ദിലീപ് നാഥ് എന്നിവർ നിർവ്വഹിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമെല്ലാം നേരത്തെ പുറത്ത് വിട്ടിരുന്നു. ജൂലൈ രണ്ടിന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സിനിമ എപ്പോൾ റിലീസ് ചെയ്യും എന്ന കാര്യത്തിൽ ഉറപ്പില്ല.