അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് വലിമൈ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. ഏറേ നാളുകൾക്ക് ശേഷം അജിത്ത് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് വലിമൈ. ചിത്രത്തിലെ വില്ലനായി വേഷമിട്ടത് കാർത്തികേയ ആയിരുന്നു. ഇപ്പോഴിതാ വലിമൈ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞുക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
“നരേൻ എന്ന കഥാപാത്രം ജീവിതകാലത്തേയ്ക്കുള്ള ഓർമ്മയാണ്. എനിക്ക് ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചതിന് വിനോദിന് സാറിന് നന്ദി. അജിത് സർ, ഇങ്ങനെ ഒരു മനുഷ്യനെ കാണാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി, ഒപ്പം അവിശ്വസനീയമായ പിന്തുണയ്ക്കും സ്നേഹത്തിനും അജിത്ത് സാറിൻറ്റെ ആരാധകർക്ക് ഏറ്റവും വലിയ നന്ദി” എന്നാണ് കാർത്തികേയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബേവ്യൂ പ്രൊജക്റ്റ്സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ദിനേശ്, പേളി മാണി, ധ്രുവൻ, ശെൽവ, സുമിത്രൻ, അച്യുത് കുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നിരവ് ഷായാണ്. സംഗീത സംവിധാനം യുവൻ ശങ്കർ രാജയും ചിത്രസംയോജനം വിജയ് വേലുക്കുട്ടിയും നിർവ്വഹിക്കുന്നു. കൊവിഡ് കാരണം പല തവണ റിലീസ് മാറ്റിവെച്ചെങ്കിലും ഒടുവിൽ ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസിനെത്തിയതിൻറ്റെ ആവേശത്തിലാണ് അജിത്ത് ആരാധകർ. ഒരിടവേളയ്ക്ക് ശേഷം എത്തിയ അജിത്ത് ചിത്രം മികച്ച വിജയമായി മാറുമെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ.