CINEMA NEWS

പ്രമോഷന് വേണ്ടി ഇട്ട പേരല്ല; ചിത്രം തിയേറ്ററിൽ ഹിറ്റാവുമെന്ന് ഉറപ്പുണ്ട്: കർണ്ണൻ, നെപ്പോളിയൻ, ഭഗത്സിംഗ് സംവിധായകൻ

ധീരജ് ഡെന്നി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഫാമിലി ത്രില്ലർ ചിത്രമാണ് കർണ്ണൻ, നെപ്പോളിയൻ, ഭഗത്സിംഗ്. ശരത് ജി മോഹനൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു ത്രില്ലറാണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻറ്റെ പേര് ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജിൻറ്റെ പ്രസിദ്ധ ഡയലോഗിനെ ഓർമ്മിപ്പിച്ച പേര് പ്രമോഷൻറ്റെ ഭാഗമായി ഇട്ടതാണോയെന്ന് പ്രേക്ഷകർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് പ്രമോഷൻറ്റെ ഭാഗമല്ലെന്നും ചിത്രത്തിലെ നായക കഥാപാത്രമായ രൂപേഷ് രാഘവൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ചിത്രത്തിൻറ്റെ പേര് സൂചിപ്പിക്കുന്ന പോലെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അങ്ങനെയാണ് കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ് എന്ന പേര് ലഭിച്ചതെന്നും ചിത്രത്തിൻറ്റെ സംവിധായകൻ ശരത് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജനുവരി 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ചിത്രത്തിൻറ്റെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്. ഫസ്റ്റ് പേജ് എൻറ്റർടെയ്മെൻറ്റിൻറ്റെ ബാനറിൽ മോനു പഴേടത്താണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ കഥ കേട്ടപ്പോൾ തന്നെ ജനങ്ങൾ ഈ ചിത്രം ഏറ്റെടുക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും അങ്ങനെയാണ് ചിത്രവുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചതെന്നും നിർമ്മാതാവ് മോനു പഴേടത്ത് പറഞ്ഞു. ചിത്രം തിയേറ്ററിൽ വിജയമായിരിക്കുമെന്നും അതിനാലാണ് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ധേഹം വ്യക്തമാക്കി.

ഇന്ദ്രൻസ്, ജോയി മാത്യൂ, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, അൽത്താഫ് സലിം, ബിജുക്കുട്ടൻ, ബിനു അടിമാലി, ബാലാജി, ദിനേശ് പണിക്കർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ആദ്യ പ്രസാദാണ് നായിക. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറ്റെ എഡിറ്റിംങ് റെക്സൺ ജോസഫ്, സംഗീത സംവിധാനം രഞ്ജിൻ രാജ്, പിആർഒ ആതിര ദിൽജിത്ത് തുടങ്ങിയവരും നിർവ്വഹിക്കുന്നു.