CINEMA NEWS

സീതയാകാൻ 12 കോടി പ്രതിഫലം? പ്രതികരിച്ച് കരീന കപൂർ.

രാമയണത്തിൻറ്റെ പുനർനിർമ്മാണത്തിൽ സീതയായി അഭിനയിക്കുന്നതിന് കരീന കപൂർ 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. പ്രതിഫലം വർദ്ധിപ്പിച്ചെന്നാരോപിച്ച് കരീനയ്ക്കെതിരെ ഒരുപാട് ട്രോളുകളും വന്നിരുന്നു. എന്നാൽ ആരോപണങ്ങളോടൊന്നും താരം നേരിട്ട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഗാർഡിയനു നൽകിയ അഭിമുഖത്തിൽ താരം തൻറ്റെ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ്.
സിനിമയിൽ തുല്യ വേതനത്തിനു വേണ്ടി പ്രതികരിക്കുന്നത് ഒരു സാധാരണ സംഭവമായി കാണണം എന്നാണ് കരീനയുടെ അഭിപ്രായം. വളരെ നിർഭാഗ്യകരമായ ഒരു കാര്യമാണിത്. ബോളിവുഡിലെ ഈ ലിംഗവിവേചനം ഉയർത്തി കാണിക്കാൻ ഒരുപാടു നടിമാർ മുന്നോട്ടു വരുന്നതിൽ വളരെയധികം സന്തോഷമുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ ആരും ഇതിനെതിരെ പ്രതികരിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനു മാറ്റം വന്നിട്ടുണ്ട്. എനിക്ക് എന്താണ് വേണ്ടതെന്ന് ആണ് ഞാൻ വ്യക്തമാക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കണം. തൻറ്റെ മൂല്യം തനിക്കറിയാമെന്നും കരീന പറഞ്ഞു.
അടുത്തിടെ ഒരു ടെലിവിഷൻ പ്രോഗ്രാമിൽ വച്ച് പരിപാടിയുടെ അവതാരകനും കരീന പ്രതിഫലം ഉയർത്തിയതിനെ കുറിച്ചു ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യത്തോട് കരീന നേരിട്ട് പ്രതികരിച്ചില്ല. തല കുലുക്കുക മാത്രമാണ് ചെയ്തത്. ആരോപണങ്ങൾ ഉയർന്ന സമയത്തും കരീനയ്ക്ക് മറ്റ് മുൻനിര നടിമാരിൽ നിന്നും ധാരാളം പിന്തുണയും ലഭിച്ചിരുന്നു.

അഭിമുഖത്തിൽ വച്ച് വനിത സിനിമപ്രവർത്തകരെ സംബന്ധിച്ച ചില സ്ഥിര സങ്കൽപങ്ങളെ തകർക്കുന്നതിനെക്കുറിച്ചും കരീന സംസാരിച്ചു. വിവാഹത്തിനു ശേഷം വർഷങ്ങളോളം ഇടവേള എടുക്കുന്നതിനെക്കുറിച്ചും കരിയർ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും താരം പറഞ്ഞു. 2012 ൽ സെയ്ഫ് അലി ഖാനെ വിവാഹം ചെയ്തതിനു ശേഷം കരീന കരിയർ മുൻപോട്ടു കൊണ്ടുപോകുക മാത്രമല്ല വലിയ വിജയങ്ങൾ കൈവരിക്കുകയും ചെയ്തിരുന്നു. തൻറ്റെ മനസ്സ് പറയുന്നതാണ് താൻ ചെയ്യുന്നതെന്നും കരീന പറഞ്ഞു.

ആമീർ ഖാൻ നായകനായി എത്തുന്ന ലാൽ സിംഗ് ചദ്ദയാണ് കരീനയുടെ ഇനി റിലീസാവാനുള്ള ചിത്രം. ചിത്രം ഡിസംബറോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ നിർമ്മാണ രംഗത്തേക്കും കരീന ഇപ്പോൾ കടന്നിരിക്കുകയാണ്. സംവിധായകൻ ഹൻസൽ മേത്തയുടെ അടുത്ത ചിത്രം നിർമ്മിക്കുന്നത് കരീനയും ഏക്ത കപൂറും ചേർന്നാണ്.