CINEMA NEWS

കപ്പേള തെലുങ്ക് റീമേക്കിൽ നായികയായി അനിഖ സുരേന്ദ്രൻ

അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യൂ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരമായ അനിഖ സുരേന്ദ്രനാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ അനിഖയുടെ ആദ്യ നായിക വേഷമാണ് കപ്പേളയുടെ തെലുങ്ക് റീമേക്ക്.

നവാഗതനായ ശൌരി ചന്ദ്രശേഖർ ടി രമേഷാണ് കപ്പേളയുടെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. സിത്താര എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ എസ് നാഗ വംശിയാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജ്ജുൻ ദാസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നടൻ രാജശേഖരൻറ്റെ മകൾ ശിവാത്മികയാണ് നായികയായി എത്തുന്നതെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോൾ നായിക സ്ഥാനത്ത് നിന്നും ശിവാത്മികയെ മാറ്റി അനിഖ സുരേന്ദ്രൻ എത്തുന്നു എന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.

ജെ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അനിഖയുടെ ഏറ്റവും പുതിയ ചിത്രം. കങ്കണ റാണത്താണ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത്. നായികയുടെ കുട്ടിക്കാലമാണ് അനിഖ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തിയേറ്ററുകൾ തുറന്നാൽ ഉടൻ ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.