CINEMA NEWS

സീതയാവാൻ ഒരുങ്ങി കങ്കണ റണൌത്ത് ;തീരുമാനം കരീന ചിത്രത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെ

രാമായണത്തെ അടിസ്ഥാനമാക്കിയുള്ള സീത ദി ഇൻകാർനേഷൻ എന്ന ബോളിവുഡ് ചിത്രത്തിൽ നിന്നും കരീന കപൂർ പിന്മാറിയതിന് പിന്നാലെ സീതയാവാൻ ഒരുങ്ങി കങ്കണ റണൌത്ത്. അലൌക്കിക്ക് ദേശായി സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമയിൽ നിന്നും അമിത പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കരീനയെ മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സീതാദേവിയായി വേഷമിടുന്നത് കങ്കണ തന്നെയാണെന്ന് ചിത്രത്തിൻറ്റെ നിർമ്മാതാവ് സലോണി ശർമ്മ വ്യക്തമാക്കി.

ഈ കഴിവുള്ള കലാകാരന്മാരുടെ ടീമിനൊപ്പം ടൈറ്റിൽ റോളിൽ അഭിനയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തെക്കുറിച്ച് കങ്കണയും വ്യക്തമാക്കി.എ ഹ്യൂമൻ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത് ബാഹുബലി എന്ന ബ്രഹമാണ്ഡ ചിത്രത്തിൻറ്റെ തിരക്കഥാകൃത്ത് കൂടിയായ കെ വി വിജയേന്ദ്ര പ്രസാദാണ്. ചിത്രത്തിൻറ്റെ സംഭാഷണവും ഗാനരചനയും നിർവ്വഹിക്കുന്നത് മനോജ് മുസ്താഷിറാണ്. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങീ അഞ്ച് ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും.

തമിഴ്നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ തലൈവിയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കങ്കണയുടെ ചിത്രം. എ എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയലളിതയായാണ് കങ്കണ വേഷമിട്ടത്. ഈ മാസം 10ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. ശർവേഷ് മെവര സംവിധാനം ചെയ്യുന്ന തേജസ്, റസ്നീഷ് റാസി സംവിധാനം ചെയ്യുന്ന ധക്കസ് എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള കങ്കണയുടെ ചിത്രങ്ങൾ. അയോധ്യ വിധിയെ ആസ്പദമാക്കി ഒരുങ്ങുന്ന അപരാജിത അയോധ്യ എന്ന സിനിമയും താരം ഇപ്പോൾ സംവിധാനം ചെയ്യുന്നുണ്ട്.