CINEMA NEWS

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങി നിവിൻ പോളിയുടെ കനകം കാമിനി കലഹം

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25 എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണൻ നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കനകം കാമിനി കലഹം. കഴിഞ്ഞ ദിവസം മുതൽ ചിത്രത്തിൻറ്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹോട്ട്സ്റ്റാറിലൂടെ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണിത്.
നിവിൻ പോളിയ്ക്ക് പുറമേ വിനയ് ഫോർട്ട്, ഗ്രേസ് ആൻറ്റണി, സുധീഷ്, ജോയ് മാത്യൂ, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പോളി ജുനിയർ പിക്ചേഴ്സിൻറ്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൻറ്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംങ് മനോജ് കണ്ണോത്ത്, സംഗീതം യാക്സൻ ഗാരി പെരേര, സൌണ്ട് ഡിസൈനിംങ് ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, മേക്കപ്പ് ഷാബു പുൽപ്പള്ളി, വസ്ത്രാലങ്കാരം മെൽവി ജെ, പരസ്യകല ഓൾഡ് മങ്കസ്, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവരും നിർവ്വഹിക്കുന്നു.
മലയാളികൾ കാണാൻ ഇഷ്ടപ്പെടുന്ന നർമവും അല്പം സസ്പെൻസും ഉൾപ്പെടുത്തിയാണ് കനകം കാമിനി കലഹം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിൻറ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പറഞ്ഞു. ആൻഡ്രായിഡ് കുഞ്ഞപ്പൻറ്റെ രണ്ടാം ഭാഗമായ ഏലിയൻ അളിയൻ, കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട് എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിൻറ്റെ ചിത്രങ്ങൾ.