CINEMA NEWS

ടൊവീനോയുടെ നായികയായി കല്യാണി പ്രിയദർശൻ

ടൊവീനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് തല്ലുമാല. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ചിത്രത്തിൻറ്റെ പൂജയും സ്വിച്ചോണും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് ടൊവീനോയുടെ നായികയായി എത്തുന്നത്.
ടൊവീനോ, കല്യാണി പ്രിയദർശൻ എന്നിവർക്കു പുറമേ ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, അസിം ജമാൽ, ലുക്മാൻ, ജോണി ആൻറ്റണി, ഓസ്റ്റിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തലശ്ശേരിയിൽ ആണ് സിനിമയുടെ ചിത്രീകരണം ഇപ്പോൾ നടക്കുന്നത്.
മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആഷിക് അബുവിൻറ്റെ നിർമ്മാണത്തിൽ മുഹ്സിൻ പരാരി സംവിധാനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രോജക്ട് ആണിത്. രണ്ട് വർഷം മുമ്പ് ആയിരുന്നു ഈ പ്രഖ്യാപനം. എന്നാൽ ഇതിനെ സംബന്ധിച്ച് കൂടുതൽ അപ്ഡേറ്റുകൾ ഒന്നും എത്തിയിരുന്നില്ല. പിന്നീട് സംവിധാന കസേര തൻറ്റെ സുഹൃത്തായ ഖാലിദ് റഹ്മാന് കൈമാറിയതായി മുഹ്സിൻ പരാരി അറിയിക്കുകയായിരുന്നു.
വിഷ്ണു വിജയ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗാനരചന മുഹ്സിൻ പരാരി. ജിംഷി ഖാലിദ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫ്. കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ഡിസൈൻ ഓൾഡ് മങ്ക്സ്, സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ റഫീഖ് ഇബ്രാഹിം, വാർത്താ പ്രചരണം എ എസ് ദിനേശ്.