പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം കടുവ ഇനിമുതൽ ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെ ഓഗസ്റ്റ് 4 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രമായിരുന്നു കടുവ. ആദ്യ നാലു ദിവസം കൊണ്ടു തന്നെ 25 കോടിയാണ് ചിത്രം നേടിയത്.
പൃഥ്വിരാജും വിവേക് ഒബ്റോയിയും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിമ്സിൻറ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തൊണ്ണൂറുകളിൽ പാലാ പ്ലാൻറ്റർ ആയിരുന്ന കടുവാക്കുന്നേൽ കുരിയാച്ചൻറ്റെയും ഐജി ജോസഫ് ചാണ്ടിയുടെയും ഏറ്റുമുട്ടലിൻറ്റെയും കഥയാണ് ചിത്രം പറയുന്നത്.
ഒരു മാസ്സ് ആക്ഷൻ ചിത്രമായിരുന്നു കടുവ. പൃഥിരാജ് നായകനായി എത്തിയ ആദം ജോണിൻറ്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രാഹം ആണ് കടുവയുടെ രചന നിർവഹിച്ചിരിക്കുന്നത്.
അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻറ്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. കൊട്ട മധു എന്ന കഥാപാത്രത്തെ ആണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഒപ്പം ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഇന്ദുഗോപൻറ്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറ്റെ രചനയും നിർവഹിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണ കമ്പനിയുമായി ചേർന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയനാണ് ചിത്രം നിർമ്മിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.