CINEMA NEWS

വിജയ് സേതുപതിക്കൊപ്പം നയൻതാരയും സാമന്തയും ‘കാതുവാക്കുള രണ്ടു കാതൽ’ എത്തുന്നു.

വിഘ്നേശ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതുവാക്കുള്ള രണ്ടു കാതലിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. ഒപ്പം നയൻതാരയും സാമന്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാംബോ എന്നാണ് ചിത്രത്തിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറ്റെ പേര്.

ലേഡിസൂപ്പർസ്റ്റാർ നയൻതാരയും സാമന്തയും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഘ്നേശ് ശിവൻറ്റെ നാലാമത്തെ ചിത്രം ആണിത്. ഇതിനു മുമ്പ് നാനും റൌഡി താൻ എന്ന ചിത്രത്തിനായി വിഘ്നേശ് ശിവനും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. നയൻതാര ആയിരുന്നു ചിത്രത്തിലെ നായിക.

ഒരു ത്രികോണ പ്രണയത്തിൻറ്റെ കഥയാണ് ചിത്രം പറയുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കോവിഡിൻറ്റെ വ്യാപനത്തോടെ മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ചിത്രത്തിൻറ്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. എങ്കിലും ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

രജനീകാന്ത് നായകനായി എത്തിയ അണ്ണാത്തെയാണ് നയൻതാരയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. അതേസമയം വിവാഹമോചനത്തെ തുടർന്നുണ്ടായ വിവാദങ്ങളെല്ലാം മറന്ന് സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് സാമന്ത. ഹരീഷും ഹരിശങ്കറും ചേർന്ന് സംവിധാനം ചെയ്യുന്ന സാമന്തയുടെ പുതിയ ചിത്രത്തിൻറ്റെ പ്രഖ്യാപനം നടന്നുകഴിഞ്ഞു. അതോടൊപ്പം ശന്തരുബൻ ജ്ഞാനശേഖരൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. തെലുങ്കിലും തമിഴിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡ്രീം വാര്യർ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.