ആദ്യമായി മലയാള സിനിമ നിർമ്മിക്കാൻ ഒരുങ്ങി ബോളിവുഡ് താരം ജോൺ അബ്രാഹമിൻറ്റെ ഉടമസ്ഥതയിലുള്ള ജോൺ അബ്രാഹം എൻടർടൈൻമെൻറ്റ്സ്. മൈക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിച്ചുക്കൊണ്ടാണ് ജോൺ എബ്രാഹം മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. മൈക്ക് സംവിധാനം ചെയ്യുന്നത് വിഷ്ണു ശിവയാണ്. രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനാണ് ചിത്രത്തിലെ നായകനായി വേഷമിടുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, ഉദാഹരണം സുജാത, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അനശ്വര രാജനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലവിൽ മൈസൂർ കേന്ദ്രീകരിച്ച് ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിച്ചിട്ടുണ്ട്. കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിൻറ്റെ ബാക്കി ഷൂട്ടിംങ് പുരോഗമിക്കുക.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം, സിനി എബ്രാഹം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം രണദീവെ, ചിത്രസംയോജനം വിവേക് ഹർഷൻ, സംഗീത സംവിധാനം രഥൻ, കലാസംവിധാനം രഞ്ജിത്ത് കൊതേരി, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സോണിയ സാൻഡിയാവോ തുടങ്ങിയവർ നിർവ്വഹിക്കുന്നു.
മോഡലിംങ് രംഗത്ത് നിന്നും സിനിമയിൽ എത്തിയ താരമാണ് ജോൺ എബ്രാഹം. 2003ൽ ജിസം എന്ന ചിത്രത്തിലൂടെയാണ് ജോൺ എബ്രാഹം സിനിമയിൽ എത്തിച്ചേർന്നത്. തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി നിർമ്മതാവായും ജോൺ പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇപ്പോഴിതാ മലയാളത്തിൽ ജോൺ നിർമ്മിക്കുന്ന സിനിമ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.