CINEMA NEWS

ജോഷിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ നായകനാകുന്നു. പ്രഖ്യാപനവുമായി ജയസൂര്യ.

ജോഷിയുടെ ബിഗ് ബജറ്റ് ചിത്രത്തിൽ നായകനാകാൻ ജയസൂര്യ. ജന്മദിനത്തിൽ ജയസൂര്യ തന്നെ ആണ് പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. സ്വപ്ന സിനിമ എന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വളരെ നാളായി ജോഷിയോടൊപ്പം ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നെന്നും ജയസൂര്യ പറഞ്ഞു.
ഇന്ത്യയിലും വിദേശത്തും ആയിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം. മമ്മൂട്ടി നായകനായെത്തിയ മാമാങ്കത്തിനു ശേഷം കാവ്യ ഫിലിംസിൻറ്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നിഷാദ് കോയ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.
ജോഷി സർ, വേണു ഏട്ടൻ എന്നിവർക്കൊപ്പം എൻറ്റെ ജന്മദിനത്തിൽ ഒരു സ്വപ്ന പദ്ധതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കിടുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ജോഷിക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിന് വളരെ കാലങ്ങളായി താൻ കാത്തിരിക്കുകയായിരുന്നെന്നും ഒടുവിൽ വളരെ അതിശയിപ്പിക്കുന്ന ഒരു കഥ വന്നെത്തിയെന്നും കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക എന്നും ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചത്.
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സിനിമ ആയിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു മാസ്സ് ആക്ഷൻ ചിത്രമാണ് ഇത് എന്നാണ് സൂചന. സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിൻറ്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻറ്റെ ചിത്രീകരണം പൂർത്തി ആയാൽ ഉടൻ തന്നെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. തെന്നിന്ത്യയിലെ പ്രമൂഖ സാങ്കേതിക പ്രവർത്തകർ ആണ് ചിത്രത്തിനായി അണിനിരക്കുന്നത്.
നാദിർഷ സംവിധാനം ചെയ്ത ഈശോ, മേരി ആവാസ് സുനോ, കത്തനാർ തുടങ്ങിയ ചിത്രങ്ങൾ ആണ് ജയസൂര്യയുടെ ഇപ്പോൾ റിലീസിനു തയ്യാറാകുന്നത്.