പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രം. ബോളിവുഡ് നടി കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അഞ്ജലിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. വിനയ വിധേയ രാമ എന്ന ചിത്രത്തിന് ശേഷം കിയാരയും രാം ചരണും ഒരുമിക്കുന്ന ചിത്രമാണിത്.
മലയാളി താരം ജയറാം വില്ലനായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന വാർത്തയും നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. പൊളിറ്റിക്കൽ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഹൈദരാബാദിൽ ആരംഭിച്ചുവെന്നാണ് സൂചന.
ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണിത്. നേരത്തെ ശങ്കർ സംവിധാനം ചെയ്ത എന്തിരനും, അന്യനും തെലുങ്കിൽ മൊഴിമാറ്റി എത്തിയിരുന്നു. കൂടാതെ ശങ്കറും രാം ചരണും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാം ചരണിൻറ്റെ കരിയറിലെ പതിനഞ്ചാമത്തെ ചിത്രമാണിത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി പതിപ്പുകളും ചിത്രത്തിന് ഉണ്ടാവുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറ്റെ ബാനറിൽ ദിൽരാജുവാണ് ചിത്രം നിർമ്മിക്കുന്നത്. എസ് തമനാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
ഇന്ത്യൻ 2, അന്ന്യൻറ്റെ ഹിന്ദി റീമേക്ക് എന്നിവയാണ് ഇനി ശങ്കറിന് പൂർത്തിയാക്കാനുള്ള പ്രോജക്ടുകൾ. ഭാഗമതി, അലാ വൈകുണ്ംപുരമുലു എന്നീ തെലുങ്ക് ചിത്രങ്ങളിലാണ് ജയറാം അവസാനമായി അഭിനയിച്ചത്. പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാമാണ് ഇനി പുറത്തിറങ്ങാനുള്ള ജയറാം ചിത്രം.